ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍

ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍ ഏത്‌ ക്യാമറ വാങ്ങണം?

ക്യാമറകളെക്കുറിച്ച്‌ ഒരുവിധം നല്ല ധാരണയുള്ളവരെപ്പോലും കുഴക്കുവാന്‍ തക്കവണ്ണം വിവിധ തരത്തിലും വലിപ്പത്തിലും വിലകളിലുമുള്ള വിവിധ കമ്പനികളുടെ, വ്യത്യസ്ത ഉപയോഗസാധ്യതകളുള്ള നിരവധി ക്യാമറകള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. ഇവയില്‍നിന്നും അനുയോജ്യമായ ഒരു ക്യാമറ തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിലകൂടിയ ഒരു ക്യാമറ വാങ്ങുക എന്നതിലും നല്ലത്‌, ആവശ്യങ്ങള്‍ മനസ്സിലാക്കി ഒരു ക്യാമറ തിരഞ്ഞെടുക്കുക എന്നതാണ്‌.

മൊബൈല്‍ ക്യാമറകള്‍

ഫോട്ടോഗ്രഫിയില്‍ വലിയ താല്‍പര്യമില്ലാത്ത എന്നാല്‍ നിത്യജീവിതത്തിലെ സംഭവങ്ങള്‍ ചിത്രങ്ങളാക്കി സൂക്ഷിക്കുന്നതില്‍ കൗതുകമുള്ള ഒരാള്‍ക്ക്‌ ചേരുന്നത്‌ മൊബൈല്‍ ക്യാമറകളാണ്‌. ക്ലിക്ക്‌ ചെയ്യുക, കമ്പ്യൂട്ടറിലേക്ക്‌ പകര്‍ത്തി സൂക്ഷിക്കുക, അത്യാവശ്യം പോസ്റ്റ്‌-കാര്‍ഡ്‌ സൈസില്‍ പ്രിന്റുകളെടുക്കുക എന്നിവയൊക്കെ ഈ ക്യാമറകളില്‍ നടക്കും. അഥവാ, അത്രയുമൊക്കെ ചെയ്യാനേ ഇവയുപയോഗിച്ച്‌ കഴിയുകയുള്ളൂ.

കോംപാക്ട്‌ ക്യാമറകള്‍

ഫോട്ടോകള്‍ എടുക്കുവാന്‍ താല്‍പര്യമുണ്ട്‌, നല്ല ചിത്രങ്ങള്‍ പ്രിന്റ്‌ ചെയ്ത്‌ സൂക്ഷിക്കുവാനും ആഗ്രഹിക്കുന്നു; എന്നാല്‍ മികച്ച ചിത്രങ്ങള്‍ എടുക്കുവാനായി സമയം ചെലവഴിക്കാനോ ക്യാമറയിലെ വിവിധ സെറ്റിംഗുകള്‍ ക്രമീകരിച്ച്‌ പരീക്ഷണങ്ങള്‍ നടത്താനോ ഒന്നും താല്‍പര്യമില്ല. ഇത്തരക്കാര്‍ക്കാണ്‌ ഈ ക്യാമറ കൂടുതല്‍ ചേരുക. ധാരാളമായി യാത്രകള്‍ ചെയ്യുന്നവര്‍ക്കും ഈ ക്യാമറ ഉപകാരപ്രദമായിരിക്കും.

ബ്രിഡ്ജ്‌ ക്യാമറകള്‍

ചിത്രങ്ങള്‍ എടുക്കുന്നു എന്നതിനപ്പുറം, ഫോട്ടോഗ്രഫിയില്‍ വ്യത്യസ്തത തേടുന്നവര്‍ക്കാണ്‌ ഈ ക്യാമറകള്‍ ഇണങ്ങുക. DSLR ക്യാമറകളില്‍ സാധ്യമായ ഒട്ടുമിക്കവാറും എല്ലാ സാധ്യതകളും ഇവയില്‍ അടങ്ങിയിയിരിക്കും. ഫോട്ടോഗ്രഫിയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ എത്തുവാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക്‌ ഈ ക്യാമറകള്‍ ഉപയോഗിച്ച്‌ ഫോട്ടോഗ്രഫി പഠനം ആരംഭിക്കാം. എന്നാല്‍ അങ്ങിനെയുള്ളവര്‍ സമീപഭാവിയില്‍ത്തന്നെ DSLR ക്യാമറകളിലേക്ക്‌ മാറാനുള്ള സാധ്യതയുമുണ്ട്‌. ചുരുക്കത്തില്‍ DSLR ക്യാമറകള്‍ക്കായി കൂടുതല്‍ മുടക്കുവാന്‍ തയ്യാറല്ലാത്ത, ഫോട്ടോഗ്രഫിയില്‍ ഉയരുവാനാഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കാണ്‌ ഈ ക്യാമറകള്‍ കൂടുതലിണങ്ങുക.

DSLR ക്യാമറകള്‍

ഫോട്ടോഗ്രഫി ഒരു ഉപജീവനമാര്‍ഗമാക്കുന്നവര്‍, അതിനായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ മനസ്സുള്ളവര്‍, വിനോദമാണെങ്കില്‍ക്കൂടി ഫോട്ടോഗ്രഫിയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക്‌ ചേരുന്ന ക്യാമറകളാണിവ. ഫോട്ടോഗ്രഫിയെ സംബന്ധിച്ചുള്ള സാങ്കേതികമായ ഒട്ടേറെ കാര്യങ്ങളിലെ അറിവ്‌ ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഉണ്ടായിരിക്കണം.
മുകളില്‍ പറഞ്ഞ ഓരോ വിഭാഗത്തിലും വിലയെ അടിസ്ഥാനമാക്കി ബഡ്ജറ്റ്‌, മിഡ്‌-റേഞ്ച്‌, ഹൈ-എന്‍ഡ്‌ എന്നിങ്ങനെ വിവിധ തരത്തിലുള്ള ക്യാമറകള്‍ ലഭ്യമായിരിക്കും. ലഭ്യമായ സാധ്യതകളിലും ലഭിക്കുന്ന ചിത്രങ്ങളുടെ ഗുണനിലവാരത്തിലും ചിത്രങ്ങളുടെ വലിപ്പത്തിലുമെല്ലാം വിലയ്ക്ക്‌ ആനുപാതികമായി വര്‍ദ്ധന പ്രതീക്ഷിക്കാം.
കാനണ്‍, നിക്കണ്‍ എന്നീ കമ്പനികളുടെ ഡിജിറ്റല്‍ ക്യാമറകളാണ്‌ ഇന്ന്‌ കൂടുതലായി വിറ്റഴിയുന്നത്‌. സോണി, പാനസോണിക്‌, ഒളിമ്പസ്‌, സാംസംഗ്‌, കൊഡാക്‌ എന്നീ കമ്പനികളുടെ ഡിജിറ്റല്‍ ക്യാമറകളും വിപണിയില്‍ ലഭ്യമാണ്‌. സ്വന്തം ആവശ്യങ്ങള്‍ക്കുതകുന്ന, മുടക്കുവാനുദ്ദേശിക്കുന്ന വിലയ്ക്കുള്ളില്‍ നില്‍ക്കുന്ന വിശ്വാസമുള്ള ഒരു കമ്പനിയുടെ ക്യാമറ വാങ്ങുക എന്ന്‌ ചുരുക്കിപ്പറയാം.

Check Also

india_kerala_gov_logo

പ്രധാന സർക്കാർ സേവനങ്ങൾക്കുള്ള ലിങ്കുകൾ

1. പാസ്പോർട്ട് എടുക്കാൻ  : 2. ഇൻകം ടാക്സ് PAN എടുക്കാൻ  :  3. വിവാഹ രജിസ്ട്രേഷൻ, ജനന / …

Leave a Reply